Tuesday, November 24, 2020

ജി.സുബ്രമണ്യ അയ്യർ

1855 ജനുവരി 19-ന് അന്നത്തെ തഞ്ചാവൂർ ജില്ലയിലെ തിരുവടിയിലാണ് ജി.സുബ്രമണ്യ അയ്യർ ജനിച്ചത്.തഞ്ചാവൂർ സെൻ്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് 1871-ൽ മെട്രിക്കുലേഷൻ ജയിച്ചു.1874-75 കാലയളവിൽ  മദ്രാസിൽ അധ്യാപക പരിശീലനം നേടി.കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി.പിന്നീട് ബി.എ പാസ്സായി.
23-ാം വയസ്സിൽ 1878-ൽ എൻ.സുബ്ബറാവു പന്തുലു ,എം.വീരരാഘവചാര്യ തുടങ്ങിയവർക്കൊപ്പം ചേർന്നു ദി ഹിന്ദു ദിനപത്രം  ആരംഭിച്ചു.1878 മുതൽ 1898 വരെ അദ്ദേഹം ഹിന്ദുവിൻ്റെ പത്രാധിപരായിരുന്നു.ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് പത്രം ശക്തമായ പിന്തുണ നൽകി.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രഥമ സമ്മേളനത്തിലെ 72 ഡെലിഗേറ്റുകളിൽ ഒരാൾ സുബ്രമണ്യ അയ്യർ ആയിരുന്നു.1898-ൽ അദ്ദേഹം ഹിന്ദുവിൻ്റെ പത്രാധിപസ്ഥാനമൊഴിഞ്ഞു.തുടർന്ന് താൻ നേരത്തെ 1882-.ൽ ആരംഭിച്ച സ്വദേശി മിത്രം എന്ന തമിഴ് പ്രസിദ്ധീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.1905-ൽ ഹിന്ദുവിൻ്റെ ഉടമസ്ഥാവകാശം കസ്തൂരി രംഗ അയ്യങ്കാർ സ്വന്തമാക്കി.വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും അയിത്താചരണവും ബാലവിവാഹവും ഇല്ലായ്മ ചെയ്യുന്നതിനും അദ്ദേഹം പരിശ്രമിച്ചു.13-ാം വയസ്സിൽ വിധവയായ മകളുടെ  പുനർ വിവാഹം നടത്തിക്കൊടുത്തു എന്ന കാരണത്താൽ അദ്ദേഹത്തിന് സ്വസമുദായത്തിൻ്റെ ബഹിഷ്കരണം നേരിടേണ്ടി വന്നു.ആനി ബസൻ്റിൻ്റെ ഹോം റൂൾ പ്രസ്ഥാനത്തെയും അദ്ദേഹം  പിന്തുണച്ചു.
തമിഴ് ഭാഷയുടെ ശക്തനായ വാക്താവായിരുന്ന അദ്ദേഹം വിശ്രുത തമിഴ് കവി സുബ്രമണ്യഭാരതിയെ  പ്രോത്സാഹിപ്പിച്ചു.തുടർച്ചയായ നിയമവ്യവഹാര നടപടികളും തടവറയിലെ ജീവിതവും അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിപ്പിച്ചു.മാരകരോഗത്തിന് അടിമപ്പെട്ട അദ്ദേഹം 1916 ഏപ്രിൽ 18-ന് 61-ാം വയസ്സിൽ അന്തരിച്ചു.ദി ഹിന്ദു പത്രത്തിൻ്റെ സ്ഥാപകൻ,ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യ പ്രമേയത്തിൻ്റെ അവതാരകൻ,സാമൂഹിക തിന്മകൾക്കെതിരെ പോരാടുകയും അവയെ നിർഭയം വെല്ലുവിളിക്കുകയും ചെയ്ത പൊതുപ്രവർത്തകൻ എന്നീ നിലകളിൽ ആധുനിക ഇന്ത്യ സ്മരിക്കുന്ന സ്വാതന്ത്ര്യ സമരനായകനാണ് ജി.സുബ്രമണ്യ അയ്യർ.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...