ഇന്ന് ശിശുദിനം.രാഷ്ട്രത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 131-ാം ജന്മദിനം.
(തയ്യാറാക്കിയത് : ഭാഗ്യരാജ്.വി.ബി)
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു 1889 നവംബർ 14 -ന് അലഹബാദിൽ മോത്തിലാൽ നെഹ്റുവിൻ്റെയും സ്വരൂപാറാണിയുടെയും മകനായി ജനിച്ചു.സ്വാതന്ത്രൃ സമരസേനാനി,കോൺഗ്രസ് നേതാവ്,ഗ്രന്ഥകാരൻ,ഭരണകർത്താവ് എന്നിങ്ങനെ വിവിധ തലങ്ങളിൽ ശോഭിച്ച അദ്ദേഹം ശിശുക്കളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു.അതിനാൽ അദ്ദേഹത്തിൻ്റെ ജന്മദിനം ശിശുദിനമായി ആചരിച്ചു പോരുന്നു.കേന്ദ്ര സാഹിതൃ അക്കാദമിയുടെ ആദ്യത്തെ അധൃക്ഷനും ,പാകിസ്താൻ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രിയും ജവാഹർലാൽ നെഹ്രുവാണ്.
നെഹ്റുവിന് പതിനൊന്നു വയസ്സുള്ളപ്പോൾ അനുജത്തി വിജയലക്ഷ്മിയും പതിനെട്ടു വയസ്സിൽ കൃഷ്ണയും(പിൽക്കാലത്ത് കൃഷ്ണ ഹഠീസിങ്ങ്) ജനിച്ചു.അലഹബാദ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ മോത്തിലാൽ നെഹ്റു തൻ്റെ മകന് യൂറോപ്യൻ രീതിയിലുള്ള വിദ്യാഭ്യാസമാണ് നൽകാൻ ആഗ്രഹിച്ചത്.അതിനായി യൂറോപ്യൻമാരായ റസിഡൻ്റ് ട്യൂട്ടർമാരെ നിയമിച്ചു പുത്രനു പ്രാഥമിക വിദ്യഭ്യാസം നൽകി.പുസ്തക പാരായണ ശീലവും,ശാസ്ത്രാഭിരുചിയും ജവാഹർലാൽ നെഹ്റുവിൽ വളർത്തിയത് റസിഡൻ്റ് ട്യൂട്ടറായിരുന്ന ഫെർഡിനാൻഡ് ബ്രൂക്സ് ആണ്.മാതാപിതാക്കൾക്കും സഹോദരിമാർക്കും ഒപ്പം 1905-ൽ ജവാഹർലാൽ നെഹ്റു ഇംഗ്ലണ്ടിൽ പോയി.ഹാരോവിലെ പ്രശസ്തമായ പബ്ലിക് സ്കൂളിൽ ചേർന്ന് വിദ്യാഭ്യാസം ആരംഭിച്ചു.അവിടെ പ്രശംസനീയമായ രീതിയിൽ വിജയം നേടിയ അദ്ദേഹം 1907-ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു.1910-ൽ രസതന്ത്രം,സസ്യശാസ്ത്രം,ജിയോളജി എന്നീ വിഷയങ്ങളിൽ ട്രിപ്പോസ് നേടി.നിയമ പരീക്ഷ ജയിച്ച് ബാരിസ്റ്ററായി 1912-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ നെഹ്റു അലഹബാദ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു.1912-ൽ ബങ്കിപ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു.അദ്ദേഹം പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനം ആയിരുന്നു അത്.പിന്നീട് ഗോഖലയുടെ ' സർവൻ്റ്സ് ഓഫ് ഇന്തൃ സൊസൈറ്റി' ആനിബസിൻ്റിൻ്റെ ' ഹോംറൂൾ ലീഗ്' എന്നിവയിൽ പ്രവർത്തിച്ചു.നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത് 1916-ലെ ലക്നൌ കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ്.പതിനേഴ് വയസ്സുകാരിയായ കമലാ കൌളിനെ 1916- ഫെബ്രുവരി 16-ന് ഡൽഹിയിൽ വച്ച് വിവാഹം ചെയ്തു.1917 നവംബർ 19-ന് ഏക പുത്രി ഇന്ദിരാപ്രീയദർശിനി ജനിച്ചു.ഗാന്ധിജിയുടെ നയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായി.1927-ൽ യൂറോപ്പിൽ ബെൽജിയത്തിൻ്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നടന്ന മർദ്ദിത ജനതകളുടെ ലോകസമ്മേളനത്തിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്തു.ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സേവാദൾ എന്ന പ്രസ്ഥാനം രൂപവത്കരിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.1928-ൽ കോൺഗ്രസ് പ്രസിഡൻ്റ് മോത്തിലാൽ നെഹ്റു ആയിരുന്നു.1929-ൽ മകൻ ജവാഹർലാൽ നെഹ്റു ആയിരുന്നു കോൺഗ്രസ് സമ്മേളനത്തിൻ്റെ അധ്യക്ഷത വഹിച്ചത്.ലാഹോറിൽ നടന്ന ഈ സമ്മേളനത്തിലാണ് കോൺഗ്രസിൻ്റെ അന്തിമമായ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചത്.1930-ൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.1931 ഫെബ്രുവരി 6-ന് മോത്തിലാൽ നെഹ്റു അന്തരിച്ചു.രോഗബാധിതയായ കമല 1936 ഫെബ്രുവരി 28-ന് സ്വിറ്റ്സർലൻഡിൽ വെച്ച് അന്തരിച്ചു.1938-ൽ മാതാവ് സ്വരൂപറാണിയും അന്തരിച്ചു.1936-ൽ പ്രസിദ്ധീകരിച്ച ആത്മകഥ 1934 ജൂണിനും 1935 ഫെബ്രുവരിക്കുമിടയിൽ ജയിലിൽവച്ചാണ് എഴുതിയത്.സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡൻ്റായിരിക്കെ (1938) രൂപവത്കരിച്ച ദേശീയ ആസൂത്രണ സമിതിയുടെ അധ്യക്ഷൻ ജവാഹർലാൽ നെഹ്റു ആയിരുന്നു.തൻ്റെ രാഷട്രീയ പിൻഗാമി നെഹ്റു ആയിരിക്കുമെന്ന് 1940-കളിൽ ഗാന്ധിജി സൂചിപ്പിച്ചു.1946 സെപ്റ്റംബർ 2-നു രൂപവത്കരിച്ച ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചു.1947 ആഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്തൃയുടെ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം 1951-52 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി.1957-ലും 1962 -ലും വിജയം ആവർത്തിച്ച അദ്ദേഹം മരണം വരെ പ്രധാനമന്ത്രി പദവും വിദേശകാര്യ മന്ത്രി സ്ഥാനവും വഹിക്കുകയും ചെയ്തു.1952 ജൂലൈ 24-ന് ഷേക് അബ്ദുള്ളയുമായുള്ള കാശ്മീർ കരാറിൽ ഒപ്പുവെച്ചു.1954 ജൂൺ 28-ന് നെഹ്രുവും ചൈനീസ് പ്രധാനമന്ത്രി ചൌ എൻ ലായിയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ചു.1955-ൽ ഭാരത രത്ന ബഹുമതി ലഭിച്ചു.1956-ൽ നെഹ്രു ദേശീയ ബാലഭവൻ സ്ഥാപിച്ചു.1959-ൽ രാജസ്ഥാനിലെ നഗൌരിൽ ഇന്തൃയിലെ പഞ്ചായത്ത് സംവിധാനം ഉദ്ഘാടനം ചെയ്യപ്പെട്ടു.1960-ൽ പാകിസ്താൻ പ്രധാനമന്ത്രി അയൂബ്ഖാനുമായി സിന്ധു നദീജല കരാറിൽ ഒപ്പു വെച്ചു.1962-ൽ ചൈന ഇന്ത്യയെ ആക്രമിച്ചു.അതിനെ തുടർന്ന് ഒക്ടോബർ 26-ന് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.വി.കെ.കൃഷ്ണ മേനോനിൽ നിന്ന് പ്രതിരോധ വകുപ്പ് നെഹ്രു ഏറ്റെടുത്തു.1964 മെയ് 27 നെഹ്രു അന്തരിച്ചു.യമുനാ തീരത്തെ ശാന്തിവൻ ആണ് സമാധി.
വിശ്വചരിത്രാവലോകനം,ഇന്തൃയെ കണ്ടെത്തൽ,ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്നിവയാണ് നെഹ്റുവിൻ്റെ പ്രധാന കൃതികൾ.
No comments:
Post a Comment