മുൻ പ്രസിഡൻ്റ് കെ.ആർ.നാരായണൻ ജനിച്ചിട്ട് ഇന്ന് നൂറ് വർഷം തികയുന്നു.പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടപൊരുതി ഇന്ത്യൻ രാഷ്ട്രപതി പദവിയിൽ എത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.പത്രപ്രവർത്തനം,രാഷ്ട്രീയം,വിദ്യാഭ്യാസം,നയതന്ത്രം തുടങ്ങിയ മേഖലകളിലൊക്കെ മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ മലയാളിക്കു കഴിഞ്ഞു.
കോട്ടയം ഉഴവൂർ കോച്ചേരിൽ വീട്ടിൽ രാമൻ വൈദ്യൻ മകൻ കോച്ചേരിൽ രാമൻ നാരായണൻ എന്ന കെ.ആർ.നാരായണൻ ബി.എ പാസ്സായി.ലക്ചറർ പദവി കിട്ടാത്തതിനാൽ ട്യൂട്ടോറിയിൽ കോളേജിൽ പഠിപ്പിച്ച ശ്രീ.കെ.ആർ.നാരായണൻ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച കെ.ആർ.നാരായണൻ ലോക പ്രശസ്ത രാജ്യതന്ത്രജ്ഞൻ ഹാരോൾഡ് ലാസ്കിയുടെ ശിക്ഷ്യനാണ്.സമ്മതിദാന അവകാശം വിനിയോഗിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി കൂടിയാണ് കെ.ആർ.നാരായണൻ.
കുറിച്ചിത്താനം എൽ.പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം,ഉഴവൂർ ഔവർ ലേഡി ഓഫ് ലൂർദ്സ് സ്കൂൾ,കൂത്താട്ടുകുളം വടകര സെൻ്റ് ജോൺസ് സിറിയൻ ഇംഗ്ലീഷ് ഹൈസ്കൂൾ,കുറവിലങ്ങാട് സെൻ്റ് മേരീസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.തുടർന്ന് സി.എം.എസ് കോളേജിലെ പഠനത്തിനു ശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ ഓണേഴ്സ് പാസ്സായി.1945 -ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു.1948 -ൽ ഇന്ത്യയിൽ തിരിച്ചെത്തി.1949-ൽ വിദേശകാര്യ സർവ്വീസിൽ പ്രവേശിച്ചു.ആദ്യ നിയമനം മ്യാൻമറിൻ്റെ തലസ്ഥാനമായ റാങ്കൂണിലായിരുന്നു.1951-ൽ ബർമ്മീസ് വനിത മാടിൻ്റ ടിൻ്റ(ഉഷ) യെ വിവാഹം കഴിച്ചു.
1984-ൽ രാജീവ് ഗാന്ധി അദ്ദേഹത്തെ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചു.ഒറ്റപ്പാലത്ത് നിന്ന് മൂന്ന് തവണ വിജയിച്ചു.1992-ൽ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.1997 ജൂലൈ 25 -ന് പത്താമത്തെ രാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു.2005 നവംബർ 9-ന് അദ്ദേഹം അന്തരിച്ചു.
No comments:
Post a Comment