തയ്യാറാക്കിയത് : ഭാഗ്യരാജ് വി.ബി ,ഇടത്തിട്ട.
ഇന്ത്യയുടെ ആദ്യ പ്രസിഡൻ്റും ഭരണഘടനിർമ്മാണ സഭയുടെ അദ്ധ്യക്ഷനുമായ ഡോ.രാജേന്ദ്ര പ്രസാദ് ജനിച്ചത് 1884 ഡിസംബർ മൂന്നിനാണ്.ബീഹാറിലെ സാരൻ ജില്ലയിലെ ജീരാദേയി ഗ്രാമത്തിലെ മഹാദേവ് സഹായിയുടെയും കമലേശ്വരി ദേവിയുടെയും ഇളയ സന്താനമായി ജനിച്ചു.
ഡോ.രാജേന്ദ്രപ്രസാദിൻ്റെ ജന്മദിനം " Advocate's Day" ആയി ആചരിക്കുന്നു.
വിദ്യാഭ്യാസ കാലത്ത് പന്ത്രണ്ടാം വയസ്സിൽ രാജ് വംശി ദേവിയെ വിവാഹം കഴിച്ചു.കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ഇൻ്റർ മീഡിയറ്റ് പരീക്ഷയും ബി.എ പരീക്ഷയും ഒന്നാം റാങ്കിൽ ജയിച്ചു.കൊൽക്കത്ത പഠനകാലത്ത് ബീഹാറി സ്റ്റുഡൻ്റ്സ് ക്ലബ് രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകി.1906- ൽ ബീഹാറി യൂത്ത് കോൺഫറസിനു രൂപം നൽകി.1907-ൽ എം.എ ഒന്നാം റാങ്കിൽ ജയിച്ചു.ഒരു വർഷത്തോളം മുസഫർപൂർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി നോക്കിയ അദ്ദേഹം പിന്നീട് കൊൽക്കത്ത ലാ കോളേജിൽ ചേർന്ന് നിയമ ബിരുദം സമ്പാദിച്ചു.1911-ൽ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി.പിന്നീട് കൊൽക്കത്ത സർവകലാശാലയിൽ ലാ പ്രൊഫസറായി.പട് നയിൽ 1916-ൽ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടപ്പോൾ പ്രൊഫസറുദ്യോഗം രാജി വെച്ച് അവിടെ പ്രാക്ടീസ് ആരംഭിച്ചു.പട് ന ഹൈക്കോടതിയിലെ മികച്ച അഭിഭാഷകനെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം എം.എൽ പരീക്ഷ ജയിക്കുകയും നിയമത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി.
1918-ൽ ഖേഡാ കർഷക സമരത്തിന് നേതൃത്വം വഹിച്ചു.1921-ൽ ദേശ് എന്ന ഹിന്ദി വാരിക ആരംഭിച്ചു.പട് ന ഹൈക്കോടതിയിലെ വലിയ വരുമാനമുള്ള പ്രാക്ടീസ് മതിയാക്കി നാഷണൽ കോളേജിൻ്റെ പ്രിൻസിപ്പലായി സ്ഥാനമേറ്റു.ട് ന മുൻസിപ്പാലിറ്റി പ്രസിഡൻ്റു സ്ഥാപനവും വഹിച്ചു.ഉപ്പു സത്യാഗ്രഹം(1930),വിദേശ വസ്ത്ര ബഹിഷ്കരണം,മദ്യ നിരോധന പ്രചരണം തുടങ്ങിയ ഗാന്ധിയൻ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
1934 ഒക്ടോബർ 26 ന് മുംബയിൽ വച്ച് കോൺഗ്രസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്ര പ്രസാദ് പിന്നീട് സുഭാഷ് ചന്ദ്ര ബോസ് രാജിവച്ചപ്പോഴും സംഘടനയുടെ സാരഥിയായി.ഗാന്ധിജി കോൺഗ്രസിൽ നിന്നു രാജിവെച്ചപ്പോൾ രാജേന്ദ്രപ്രസാദും ഒപ്പം രാജിസമർപ്പിച്ചെങ്കിലും മൌലാനാ ആസാദിൻ്റെ പ്രേരണമൂലം പിന്നീട് രാജി പിൻവലിച്ചു.1939-ൽ പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജിവെയ്ക്കുന്നതിനു മുമ്പ് നെഹ്രുവിനൊപ്പം വൈസ്രോയിയുമായി കൂടികാഴ്ച നടത്തി.1942-ൽ ക്വിറ്റിന്ത്യാ സമരകാലത്ത് ബങ്കിംപൂർ ജയിലിൽ തടവിലാക്കപ്പെട്ടു.അവിടെവെച്ച് രചിച്ച വിഭക്ത ഭാരതം 1946-ൽ പ്രസിദ്ധപ്പെടുത്തി.ചമ്പാരൻ സത്യാഗ്രഹമാണ് മറ്റൊരു കൃതി.
നെഹ്രുവിൻ്റെ നേതൃത്വത്തിൽ 1946 സെപ്റ്റംബർ രണ്ടിന് നിലവിൽ വന്ന ഇടക്കാല മന്ത്രിസഭയിൽ കൃഷി-ഭക്ഷ്യ വകുപ്പു മന്ത്രിയായി.1939-ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും പിന്നീട് ആചാര്യ കൃപലാനി രാജിവച്ചപ്പോഴും കോൺഗ്രസ് പ്രസിഡൻ്റായി.1946-ൽ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷനായി.
1950 മുതൽ 1962 രാഷ്ട്രപതി സ്ഥാനം വഹിച്ചു.1952-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം കെ.ടി.ഷായെയും 1957-ൽ 99.3% വോട്ടു നേടിയ അദ്ദേഹം ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടു നേടി രാഷ്ട്രപതിയായ വ്യക്തി എന്ന വിശേഷണം സ്വന്തമാക്കുന്നു.
പാർലമെൻ്റ് പാസാക്കിയ ബിൽ പ്രസിഡൻ്റിൻ്റെ അനുമതിയ്ക്കായി സമർപ്പിച്ച അവസരത്തിൽ ഒപ്പിടാതെ തിരിച്ചയച്ച ആദ്യ സംഭവം ഉണ്ടായത് ഡോ.രാജേന്ദ്ര പ്രസാദിൻ്റെ കാലത്താണ്.ഹിന്ദു കോഡ് ബിൽ തിരിച്ചയച്ച ഈ സംഭവത്തെ തുടർന്നാണ് കേന്ദ്ര നിയമ മന്ത്രിയായിരുന്ന ഡോ.ബി.ആർ.അംബേദ്ക്കർ രാജിവച്ചത്.സ്ഥാനമൊഴിഞ്ഞ് ഏറെക്കഴിയും മുമ്പ് പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചു(1962).ശിഷ്ടകാലം പട്നയിൽ ഗംഗാതീരത്തുള്ള സദാഖത്ത് ആശ്രമത്തിൽ ചിലവഴിച്ചു.
ദേശീയ പതാക തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെ അദ്ധ്യക്ഷൻ,ഏറ്റവും കൂടുതൽ കാലം പ്രസിഡൻ്റ്,ആദ്യത്തെ ഏഷ്യൻ ഗയിംസ് ഉദ്ഘാടകൻ തുടങ്ങീ നിരവധി പ്രത്യേകതകൾ ഡോ.രാജേന്ദ്രപ്രസാദിനുണ്ട്.
1963 ഫെബ്രുവരി 28 -ന് അദ്ദേഹം അന്തരിച്ചു.
No comments:
Post a Comment