Friday, June 2, 2023

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

                                            ഭാഗ്യരാജ്.വി.ബി

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനമനസ്സുകളിൽ ഉറപ്പിക്കാനായി ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി.1972-ലാണ് യു.എൻ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്.ആദ്യ പരിസ്ഥിതി ദിന ആഘോഷം 1973 ലാണ് നടന്നത്.ആ വർഷത്തെ മുദ്രാവാക്യം " ഒരു ഭൂമി മാത്രം" എന്നതായിരുന്നു.തുടർന്നുള്ള ഓരോ വർഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഓരോ തീമിനെ അടിസ്ഥാനമാക്കി ലോകമെമ്പാടും വിവിധ പരിപാടികൾ നടത്തി വരുന്നു.യു.എൻ പരിസ്ഥിതി വിഭാഗത്തിന്റെ ആഹ്വാന പ്രകാരം ലോകമെമ്പാടുമുളള സ്കൂളുകളും, കോളേജുകളും , വിവിധ സംഘടനകളും വൃക്ഷതൈകൾ നട്ടും, സെമിനാറുകളും-ചർച്ചകളും നടത്തിയും ലോകപരിസ്ഥിതി ദിനം ആഘോഷിച്ചു വരുന്നു.

#BeatPlasticPollution എന്ന ഹാഷ്ടാഗും മുദ്രാവാക്യവും ഉപയോഗിച്ച് പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോക പരിസ്ഥിതി ദിനത്തിന്റെ സുവർണജൂബിലി വർഷമാണിത്.2023 ലെ തീം" പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരം" എന്നതാണ്. ഈ വർഷം പരിസ്ഥിതി ദിനത്തിലെ ഔദ്യോഗിക ആഘോഷം നടക്കുന്ന രാജ്യം കോറ്റ് ഡി ഐവയർ ആണ്.2014 മുതൽ ഈ രാജ്യം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.ഐവറി കോസ്റ്റിലെ പ്രധാന നഗരമായ അബിജാൻ  പ്ലാസ്റ്റിക് മലിനീകരണത്തെ മറികടക്കാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായും മാറിയിരിക്കുന്നു. പ്ലാസ്റ്റിക് മൂലമുള്ള പരിസ്ഥിതി മലിനീകരണം ഭീതിജനകമാണ്.ലോകത്ത് ഓരോ വർഷവും ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് 430 ദശലക്ഷത്തിലധികമാണ്.അതിൽ പകുതിയിലധികവും ഒറ്റ പ്രാവശ്യ ഉപയോഗത്തിനായി ഉത്പാദിപ്പിക്കപ്പെട്ടവയാണ്.റീ സൈക്കിൾ ചെയ്യപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ അളവ് പത്ത് ശതമാനത്തിന് താഴെയാണ്.ജലാശയങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഒരിടമാണെന്ന തോന്നൽ മാറണം.ഓരോ വർഷവും 19  മുതൽ 23 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയങ്ങളിൽ എത്തിച്ചേരുന്നു.ഇതുമൂലമുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നിരവധിയാണ്. 

പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കടമ ഓരോ പൗരനും ഉണ്ടെന്നുള്ള കാര്യം ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 48 A ,51A(g)വ്യക്തമാക്കുന്നു.പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഓരോ യത്നത്തിലും നാമോരോരുത്തർക്കും പങ്കാളിയാകാം.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...