കാവ്
-----------------------------------------------------------------
വൃക്ഷ നിബിഡമായ ആരാധനാ കേന്ദ്രങ്ങളാണ് കാവ്.ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം.ദക്ഷിണേന്ത്യയിൽ ദ്രാവിഡരീതിയിലുള്ള ഇത്തരം കാവുകളിൽ ഭൂരിപക്ഷത്തിലും പ്രധാനമായും സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ. കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു,ഗണപതി,കൃഷ്ണൻ തുടങ്ങിയ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം/ക്ഷേത്രം എന്നാണ് പറയുക.
പഴയകാലങ്ങളിൽ കാവുകളോട് അനുബന്ധമായി കുളവും വയലുകളും കാണാം. മനുഷ്യൻറെ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസത്തിന്റെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ പൂർവ്വകാലഘട്ടങ്ങളിൽ സംരക്ഷിച്ചിരുന്നു. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ബാഹ്യ ഇടപടൽ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കാവുകളിൽ നിലനിൽക്കുന്നു. ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും,മരണമഞ്ഞ പൂർവ്വികരുടെ ആത്മാക്കളൈയും, ദേവതകളെയും മലദൈവങ്ങളേയും, നാഗങ്ങളേയും ആരാധിച്ചിരുന്നു. ഇതിനായി പ്രത്യേക ഭൂപ്രദേശം അവർ സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിക സന്തുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി , കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്.
കേരളത്തിൽ തിരുവിതാംകൂറിൽ മാത്രം 19നൂറ്റാണ്ടിന്റെ അവസാനപാദം വരെയും "പതിനായിരത്തിനു മേൽ കാവുകളുണ്ടായിരുന്നു"അതിന്ന് കേരളമാകമാനം "2000"ത്തിൽ താഴേ മാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന് സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
മലബാറിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ കാവധിഷ്ഠിതമായ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇന്നും നിലനിൽക്കുന്നു. മലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചിലയിടത്ത് മാസപൂജയോ വിശേഷാൽ പൂജകളോ ആയില്യപൂജയോ ഉണ്ടാകും. മറ്റു ചില കാവുകളിൽ വാർഷിക തിറയാട്ട മഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗപ്രതിഷ്ഠ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി, കാശാവ് മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു. തെക്കൻ കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടുള്ള മണ്ണാറശാല ശ്രീനാഗരാജാക്ഷേത്രം, വെട്ടിക്കോട് നാഗരാജാക്ഷേത്രം എന്നിവയോടു അനുബന്ധിച്ചു വലിയ കാവുകൾ കാണാം.
"കാവ്" എന്ന പേരിനു പിന്നിൽ
-----------------------------------------------------------
ബലിയിടുന്ന സ്ഥലം എന്നാണ് കാവിന്റെ അർത്ഥം "ചിറുദൈവങ്ങൾക്കിടും പലി " എന്നാണ് തമിഴ് ലെക്സിക്കനിൽ പറയുന്നത്. സാധാരണാർത്ഥത്തിൽ കാവ് എന്നാൽ മരക്കൂട്ടമാണ്. സാങ്കേതികാർത്ഥത്തിൽ അത് ആരാധനാസ്ഥാനമാകുന്നു.
കേരളത്തിലെ കാവുകൾ
കേരളത്തിലെ കാവുകളെ കാളിക്കാവ്, നാഗക്കാവ് എന്നിങ്ങനെ രണ്ടായി തിരിക്കാം. നാഗദേവിയും നാഗരാജനും എന്ന സങ്കല്പം വരുമ്പോൾ നാഗക്കാവ് കാളിക്കാവില്പെടുത്താം. കാളിക്കാവുകളെ അവയിലെ അനുഷ്ഠാനരൂപങ്ങളെ അടിസ്ഥാനമാക്കി പടയണിക്കാവ്(തെക്കൻ കേരളം), തിറയാട്ട കാവ്(ഉത്തരകേരളം) മുടിയേറ്റ് കാവ്(മദ്ധ്യകേരളം), മുടിപ്പേച്ച് കാവ്, കാളിയൂട്ട് കാവ്, തീയ്യാട്ട് കാവ്(അയ്യപ്പൻ തീയാട്ട് കാവും ഇതിൽ പെടുന്നു) പൂതൻ തിറ കാവ്, കളിയാട്ട കാവ് എന്നിങ്ങനെ വിഭജിക്കാം. കാളീദാരിക സംഘട്ടനമാണ് ഈ കാവുകളിലെ പൊതുവായ കഥാബീജം.
കയ്യത്ത് നാഗക്ഷേത്രക്കാവ്(കണ്ണൂർ ജില്ല)
------------------------------------------------------------------------
കണ്ണൂർ ജില്ലയിൽ ഇരുപത് ഏക്കറിലധികം വിസ്തൃതമായ ഒരു കാവുണ്ട് തളിപ്പറമ്പിനടുത്ത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളിൽ ഒന്നായ കയ്യത്ത് നാഗക്ഷേത്രക്കാവാണ് കണ്ണൂർ ജില്ലയിലെ ഏറ്റവും വിസ്തൃതമായ കാവ്.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് ആറ് കിലോമീറ്ററോളം തെക്ക് പടിഞ്ഞാറ് മാറി വെള്ളിക്കീൽ എന്ന സ്ഥലത്ത് ആണ് കയ്യത്ത് നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വള്ളിക്കെട്ടുകളും കൂറ്റൻ വൃക്ഷങ്ങളും നിറഞ്ഞ ഗൂഢമായ ഒരു വനസ്ഥലിക്ക് നടുവിൽ ഒരു ക്ഷേത്രം. നാഗരാജാവും, കുഴിനാഗവും ക്ഷേത്രത്തിനകത്തും, വനത്തിന് നടുവിൽ പാടിക്കുന്നിലപ്പനും പ്രതിഷ്ഠ.
സാക്ഷാൽ രാജരാജേശ്വരന്റെ കയ്യിൽ ആഭരണമായി അണിഞ്ഞിരുന്ന സർപ്പം തന്നെയാണത്രേ കയ്യത്ത് സ്വയം നാഗ സാന്നിധ്യമായി വിരാജിക്കുന്നത്. ശ്രീ രാജരാജേശ്വരന്റെ കയ്യിൽ ആഭരണമായി ധരിച്ച സർപ്പങ്ങളിൽ നിന്നും ഒന്ന് ഇവിടെ ഊർന്ന് വീണു എന്നും അത് ഇവിടുത്തെ സ്വയംഭു സർപ്പ സാന്നിദ്ധ്യമായി പരിണമിച്ചു എന്നുമാണ് ഐതിഹ്യം. അതി വിശിഷ്ടങ്ങളായ സർപ്പാരാധന കേന്ദ്രമായി കയ്യത്ത് നാഗം പരിണമിച്ചതും അത് കൊണ്ട് തന്നെയാണ്.
എല്ലാ ആയില്യം നാളിലും നടക്കുന്ന സർപ്പബലി ഏറെ വിശേഷ വഴിപാടാണ്. ധനുമാസത്തിലെ ആയില്യം നാളാണു കയ്യത്ത് നാഗത്തിൽ ഏറ്റവും വിശേഷപ്പെട്ട ദിനമായി കണക്കാക്കുന്നത്. ആയിരക്കണക്കിന് ഭക്തർ അന്നേ ദിവസം ഭക്തർ നാഗാരാധനയ്ക്കായി ഇവിടെ എത്തിച്ചേരും.
പുരാതന കാലത്ത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് നിത്യ നിവേദ്യത്തിനുള്ള അരി എത്തിച്ചിരുന്നത് കയ്യത്ത് നിന്നായിരുന്നു. ആ സ്മരണയിൽ ഇന്നും എല്ലാ സംക്രമ നാളിലും കയ്യത്തു നിന്ന് പരമ്പരാഗതമായ രീതിയിൽ തലച്ചുമടായി തളിപ്പറമ്പിലേക്ക് അരി എഴുന്നള്ളിച്ചു കൊണ്ടുവരുന്നത് പതിവാണ്.
ഇരിങ്ങോൾ കാവ് (എറണാകുളം ജില്ല)
--------------------------------------------------------------
1200 വർഷത്തെ ചരിത്രം കണക്കാക്കപ്പെടുന്ന ഇരിങ്ങോൾ കാവ് എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ആണ് സ്‌ഥിതി ചെയ്യുന്നത്. പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമേ ഒള്ളു ഇവിടേയ്ക്ക്. കേരളത്തിലെ 108 ദുർഗാ ക്ഷേത്രങ്ങളിൽ ഒന്നായ ഇത് പരശുരാമൻ നിര്മിച്ചതാണെന്നാണ് ഐതിഹ്യം.
കേരളത്തിലെ ഏറ്റവും വലിയ കാവെന്ന പ്രത്യേകതയും ഇതിനുണ്ട്. കുന്തിരിക്കം,കൂവളം, തമ്പകം,വെള്ള പൈൻ,തേക്ക് ,ആഞ്ഞിലി, ഏഴില്ലം പാല, പുന്ന കരിമ്പന,മരോട്ടി, ആൽ,വാക,കാഞ്ഞിരം, വേപ്പ്, ഞാവൽ എന്നീ വന്മരങ്ങളും തിലപ്പി,കുരുമുളക്,പാതിരി എന്നീ ഔഷധ സസ്യങ്ങളും തത്ത, കുയിൽ, പരുന്ത്,കാലൻ കോഴി, പുള്ള്,നത്ത് എന്നീ പക്ഷികളും വിവിധതരം ജന്തുക്കളും നിറഞ്ഞ ഇരിങ്ങോൾക്കാവ് ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇരിങ്ങോൾകാവിൽ പിടിയാനയെയാണ് എഴുന്നള്ളിക്കുന്നത്. സുഗന്ധ പുഷ്പങ്ങളോ അവ ചൂടിയവരെയോ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാറില്ല. കാവിന് ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശം ഉള്ളതായി വിശ്വസിക്കപ്പെടുന്നു,അതിനാൽ ഇവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കാൻ അനുവദിക്കില്ല
കല്ലേലി അപ്പൂപ്പൻ കാവ്(പത്തനംതിട്ട ജില്ല)
---------------------------------------------------------------------
ചരിത്ര പ്രസിദ്ധമായ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ കിഴക്കോട്ട് കല്ലേലി - അച്ചൻകോവിൽ റൂട്ടിൽ 9 km സഞ്ചരിച്ചാൽ അച്ചൻകോവിലാറിൻ്റെ തിരത്തുള്ള അതിപുരാധന കാനനഷേത്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്, ആദി ദ്രാവിഡഗോത്ര ആരാധനാസമ്പ്രദായത്തിലുള്ള പുജകൾ നടക്കുന്ന അപൂർവ്വം കാനന ക്ഷേത്രങ്ങളിലൊന്നാണിത്.
കേരളത്തിൽ കുംഭ പാട്ട് ,പ്രകൃതിപൂജ ഇവ നടക്കുന്ന ഏക കാവ് പത്തനംതിട്ട ജില്ലയിലെ കോന്നിയിലുള്ള കല്ലേലി ശ്രീ ഊരാളി അപ്പൂപ്പൻ കാവ് .
പ്രകൃതി സംരക്ഷണ പൂജയോടെ കന്നിയിലെ വിശേഷാൽ ആയില്യം തിരുനാളിൽ സർപ്പ ക്കാവിൽ ആയില്യം പൂജയും ഇവിടെ നടന്നുവരുന്നൂ..ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,മീന്നൂട്ട്, വാനര ഊട്ട് ,നാഗ ഊട്ട് ,ആന ഊട്ട് എന്നിവ കാവിലെ പ്രധാന ചടങ്ങ് ആണ് .നാഗ പൂജ നാഗ , കളമെഴുത്തൂം മുടിയാട്ടവും,നാഗർ പാട്ട്, പുള്ളുവൻ പാട്ട് ,മഞ്ഞൾ നീരാട്ട് ,ക്ഷീര നീരാട്ട് തുടങ്ങിയവ കല്ലേലി കാവിൽ നടന്നുവരുന്ന ആചാരങ്ങളാണ് .ആദി ദ്രാവിഡ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവാണ് ഇത്. .കാവുകളെ കുറിച്ചുള്ള പഠനങൾക്ക് ജപ്പാനിൽ നിന്നുള്ള ജൈവ നരവംശ ശാസ്ത്ര വിദഗ്ദർ ഇവിടെയെത്തി പഠനം നടത്തിയിരുന്നു.രാജ്യത്തെ വിവിധഇടങ്ങളിലെ അദ്ധ്യാപകരും വിദ്യാർഥികളും മാധ്യമ പ്രവർത്തകരും കല്ലേലി കാവിൽ ജൈവശാസ്ത്ര പഠനഗവേഷണങ്ങൾക്കായി എത്താറുണ്ട് .
ഇടത്തിട്ട ഭഗവതീ ക്ഷേത്ര കാവ് (പത്തനംതിട്ട ജില്ല)
---------------------------------------------------------------------
പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഇടത്തിട്ട ജംഗ്ഷനു സമീപമുള്ള ഭഗവതീ ക്ഷേത്രത്തിലെ കാവ് വിശ്വാസികളുടെയും പരിസ്ഥിതി സ്നേഹികളുടെയും ശ്രദ്ധ ആകർഷിക്കുന്നു . നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പരിസരം അപൂർവ്വയിനം വൃക്ഷങ്ങളാലും സസ്യങ്ങളാലും നിറഞ്ഞതാണ്.തമ്പകം(കമ്പകം)-പുനലൂർ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത് തമ്പക തടി ഉപയോഗിച്ചാണ്,ചന്ദനം, കടമ്പ്,കരിമരം,മരുതി,കല്ലാൽ , ഇരിപ്പ,ഉന്നം(ചടച്ചി),താന്നി,നാഗമരം,ചേലമരം,തേമ്പാവ്,പനച്ചി,മടുക്ക(മൊട്ടൽ), വെട്ടി ,പൂവണ്ണ്,പൈൻമരം,മരോട്ടി, ഇലഞ്ഞി,വേങ്ങ,കടമരം, ഈട്ടി ,ഉദി , ശിവലിംഗ മരം, അശോക മരം തുടങ്ങിയ നിരവധി വൃക്ഷങ്ങളും സസ്യങ്ങളും ഇവിടെ കാണാനാകും.ഏറ്റവും കൂടുതൽ ചന്ദനമരങ്ങളും വൈവിധ്യമാർന്ന വന വൃക്ഷങ്ങളും ഉള്ള കൊടുമൺ പഞ്ചായത്തിലെ ഏക കാവും ഇതാണ്.27 നക്ഷത്ര വൃക്ഷങ്ങൾ കാവിലും, ക്ഷേത്ര പരിസരത്തുമായും ഉള്ളതിനാൽ ഈ ക്ഷേത്ര ദർശനം ഏറെ ശ്രേയസ് കരമെന്ന് വിശ്വാസികൾ അഭിപ്രായപ്പെടുന്നു.
വംശനാശഭീഷണി നേരിടുന്ന വൃക്ഷലതാദികളുടെ ഒരു സംരക്ഷണകവചം കൂടിയാണ് കാവുകൾ "കൊല്ലം ജില്ലയിലെ പരവൂർ ആയിരവല്ലി ക്ഷേത്രകാവിൽ നിന്നും ജൈവശാസ്ത്ര ലോകം വംശനാശം നേരിട്ടു എന്നു കരുതിയിരുന്ന "ഇലപ്പ" മരം കണ്ടെത്തിയത് അടുത്തകാത്ത് വിദേശമാധ്യമ ശ്രദ്ധവരെ നേടിയതും,ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ജൈവശാസ്ത്രകാരൻമാർ ആയിരവല്ലികാവ് സന്ദർശിച്ച് പഠനം നടത്തിയതും വാർത്ത ആയിരുന്നു.
"കാവുകൾ, ഇൻഡ്യയിൽ എത്ര?അവയുടെ എണ്ണവും വിവിധ സംസ്ഥാനങ്ങളിലെ പേരുകളും:
Andhra Pradesh 691 (Pavitraskshetralu.)
Arunachal Pradesh 65 (Gumpa).
Assam 40 (Than, Madaico)
Chhattisgarh 600 (Sarna, Devlas,Mandar)
Gujarat 29 (Devra)
Haryana 248 (Beed ,Bani,Bann, Janglat , Shamlat )
Himachal Pradesh 5000 (Deo bhum)
Jharkhand 522 (Sarna,Jaherthan)
Karnataka 1424 (Devarakadu,Devkad).
Kerala 2000( Kavu, Kuriyala,Kottam,Mundya,)
Maharashtra 1600 (Deorai/Devrai)
Manipur 365(Gamkhap, Mauhak)
Meghalay 79 (Law kyntang)
Orissa 322 ( Jahera)
Puducherry 108 (Kovil Kadu)
Rajasthan 9 (Oran )
Tamil Nadu 503 ( Kovil Kadu)
Telangana 65 ( Pavithra Kshetralu)
Uttarakhand 18 (Devbhumi)
വWest Bengal 670 (Garamthan, Harithan,
Jahera, Sabitrithan,)
ഇൻഡ്യയിൽ കാവുകൾ ഏറ്റവും കൂടുതൽ ഹിമാചൽ പ്രദേശിലും കാവുകൾ നിലനില്ക്കുന്ന സംസ്ഥാനങ്ങളീൽ ഏറ്റവും കുറവ് രാജസ്ഥാനുമാണ് (ഭൂപ്രകൃതി കാലാവസ്ഥ ഒരു പ്രധാനഘടമാകുന്നു എന്നത് ഇത് തെളിയിക്കുന്നു )
കാവുകളെക്കുറിച്ചുള്ള പഠനങ്ങൾ
----------------------------------------------------------------
കേരളത്തിലെ കാവുകളെക്കുറിച്ച് നിരവധി പേർ പഠനങ്ങൾ നടത്തിയിട്ടുണ്ട്.അവയിൽ ചിലതൊക്കെ ഇവിടെ പരാമർശിക്കട്ടെ.ഉത്തര കേരളത്തിലെ കാവുകളെക്കുറിച്ച് ഇ. ഉണ്ണികൃഷ്ണൻ ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവുകളുടെ നാശം ഒരു സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച് ജിതേഷ് മാണിയാട്ട് ഒരു പഠനം നടത്തിയിട്ടുണ്ട്. കേരളത്തിലെ കാവുകളെക്കുറിച്ച് മുന്നാർ ഡി.ഫ.ഓ. ആയിരുന്ന ഡോ. എൻ. സി. ഇന്ദുചൂഡൻ പഠനം നടത്തിയിട്ടുണ്ട്..
കാവുകളുടെ പ്രാധാന്യം.
----------------------------------------
ഏഷ്യയിലും ആഫ്രിക്കയിലുമാണ് കാവുകൾ കൂടുതലായി കാണപ്പെടുന്നത്.ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്.. കാവുകൾ ജൈവവൈവിധ്യം ഏറെയുള്ള ജീവന്റേ കലവറയാണ്. .കേരളത്തിലെ കാവുകളിൽ 474 ജനുസ്സുകളിൽപെട്ട122 സസ്യകുംടുബങ്ങളിൽ ഉൾപ്പെട്ട 722 സ്പിഷീസ് സസ്യങ്ങൾ ഉള്ളതായും,100 സ്പീഷീസ് സസ്തനികൾ,476 സ്പീഷീസ് പക്ഷികൾ ,156 സ്പീഷീസ് മത്സ്യങ്ങൾ,150 സ്പീഷീസ് ശലഭങ്ങൾ ഉണ്ടെന്നാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റ ശാസ്ത്രീയപഠനത്തിൽ കണ്ടെത്തിയത് .ഇവയെല്ലാം കാവുകൾക്ക് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലെ പ്രാധാന്യം ചൂണ്ടികാണിക്കുന്നു .
വിശ്വാസങ്ങൾ
----------------------------
ചില കാവുകൾ ദേവതമാരുടെ വാസസ്ഥലമാണെന്നാണ് വിശ്വാസം. ഇത്തരം കാവുകളിൽ ചിലതിൽ വർഷത്തിൽ തെയ്യം കെട്ടുൽസവങ്ങളും ക്ഷേത്രങ്ങളുടെ വശങ്ങളിലായി സ്ഥിതി ചെയ്യുന്നവ, ക്ഷേത്രങ്ങള്ക്ക് ചുറ്റുമായുള്ളവ എന്നിങ്ങനെ ഇത്തരം കാവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമായുള്ള കാവുകൾക്ക് ഉദാഹരണമാണ് കാസർഗോട് ജില്ലയിലെ നീലേശ്വരത്ത് സ്ഥിതി ചെയ്യുന്ന മന്നൻ പുറത്ത് കാവ്. മറ്റ് ചില കാവുകൾ നാഗാരാദനയുള്ളവയാണ്. ഇത്തരം കാവുകളിൽ ആയില്യം നാളിൽ പ്രത്യേകം പൂജകളും മറ്റും നടക്കാറുണ്ട്. നാഗാരാധനയുമായി ബന്ധപ്പെട്ട കാവുകളിൽ ചിലതിൽ മനുഷ്യരുടെ പ്രവേശനം പോലും പരിമിതമാണ്. വടക്കൻ കേരളത്തിൽ അനേകം കാവുകൾ ഇപ്പോഴും തനിമയോടെ സംരക്ഷിച്ചു പോരുന്നു. തെക്കൻ കേരളത്തിലും മണ്ണാറശാല, വെട്ടിക്കോട് നാഗരാജാക്ഷേത്രം തുടങ്ങിയവയോടു അനുബന്ധിച്ചു വലിയ കാവുകൾ സംരക്ഷിച്ചു വരുന്നുണ്ട്. കാവുകളെ സംരക്ഷിച്ചു നിലനിർത്തേണ്ടത് സമൂഹത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണ്.