മൈസൂർ പാക്കിന് പാക്കിസ്ഥാനുമായി എന്തു ബന്ധമാണുള്ളത്?
_______________________________________________
ലോകപ്രശസ്തമായ ഒരു ഭക്ഷണമാണ് മൈസൂർ പാക്ക്.ഇന്ത്യാ-പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ വ്യാപാരികൾ 'മൈസൂർ പാക്ക്' എന്ന പേരിലെ പാക്ക് എന്ന വാക്ക് നീക്കം ചെയ്ത് ശ്രീ എന്ന് ചേർത്തതോടെ ഈ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്.യഥാർത്ഥത്തിൽ മൈസൂർ പാക്ക് എന്ന പേരിന് പാകിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല.
മൈസൂർ ഭരിച്ചിരുന്ന കൃഷ്ണരാജ വാഡിയാർ നാലാമന്റെ (1902-1940) ഭരണകാലത്തോളം പഴക്കം ഈ ഭക്ഷണത്തിന്റെ ചരിത്രത്തിനുണ്ട് .കൃഷ്ണരാജ വാഡിയാർ വലിയ ഭക്ഷണപ്രീയനായിരുന്നു.അതിനാൽ അദ്ദേഹം തന്റെ അംബാ വിലാസ് പാലസിൽ നല്ലൊരു ദേഹണ്ണപ്പുരയുണ്ടാക്കി. അതിൽ പാചകക്കാരനായി കാകാസുര മാദപ്പ(മാടപ്പ) എന്നൊരാളെ പ്രധാന പാചകക്കാരനായി നിയമിച്ചു. പാചകകലയിൽ വളരെ വിദഗ്ധനായിരുന്നു മാടപ്പ.പുതിയ റെസിപ്പികൾ പരീക്ഷിക്കുകയും അതിൽ മികച്ചവ രാജാവിന് നൽകി പ്രശംസ ഏറ്റുവാങ്ങുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.ഒരിക്കൽ കൊട്ടാരം ദേഹണ്ണപ്പുരയിൽ കാകാസുര മാടപ്പ കടലപ്പൊടി, പഞ്ചസാര, നെയ്യ് എന്നിവ കുറുക്കി ഒരു വിഭവമുണ്ടാക്കി. വൈകുന്നേര ഭക്ഷണത്തിനൊപ്പം കൃഷ്ണരാജ വാഡിയാർ നാലാമന് അത് വിളമ്പി. ആ വിഭവത്തിന്റെ രുചി ഏറെ രസിച്ച രാജാവ് ദേഹണ്ണപ്പുരയിൽ നിന്ന് മാടപ്പയെ അകത്തേക്ക് വിളിച്ചു. "എന്താണീ വിഭവത്തിന്റെ പേര്?" മാടപ്പയ്ക്ക് അപ്പോൾ തോന്നിയ പേര് രാജാവിനോട് പറഞ്ഞു : മൈസൂർ പാക്ക് !.പലഹാരം വളരെയധികം ഇഷ്‌ടപ്പെട്ട രാജാവ് കൊട്ടാരത്തിന് സമീപം ഒരു പലഹാരക്കട തുടങ്ങാൻ ആവശ്യപ്പെട്ടു. കകാസുര മാടപ്പയുടെ പിൻമുറക്കാർ ഇപ്പോഴും മൈസൂർ പാക്ക് നിർമാണം തുടരുന്നു. ഗുരു സ്ട്രീറ്റ് മാർട്ട് ഇപ്പോഴും മൈസൂരു നഗരത്തിൽ പ്രശസ്തമാണ്.പ്രധാനമായും രണ്ട് മൈസൂർ പാക്കാണ് ഇവർ നിർമിക്കുന്നത്. കടലപ്പൊടിയുടെയും പശുവിൻ നെയ്യിന്റെയും അനുപാതത്തിലുള്ള ചെറിയ വ്യത്യാസമാണ് ഇതിന്റെ മാറ്റം.
മൈസൂർ കൊട്ടാരുവുമായി ബന്ധപ്പെട്ടതാണ് മൈസൂർ പാക്കിന്റെ ചരിത്രം.രാജാസ്ഥാനിലെ വ്യാപാരികൾ കരുതുന്ന പോലെ പാകിസ്ഥാനുമായി ഈ പലഹാരത്തിന് യാതൊരു ബന്ധവുമില്ല.'പാക്ക് 'എന്ന കന്നഡ വാക്കിന്റെ അർത്ഥം മധുരം എന്നാണ്.
തയ്യാറാക്കിയത്: വി.ബി.ഭാഗ്യരാജ് ഇടത്തിട്ട
No comments:
Post a Comment