Saturday, May 24, 2025

വായിച്ചോക്കാ

 മന്ദാരം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് വായിച്ചോക്ക.കേരളത്തിലെ 135 എഴുത്തുകാരുടെ കവിതകൾ ഈ  പുസ്തകത്തിലുണ്ട്.



മൈസൂർ പാക്കിന്റെ ചരിത്രം

 മൈസൂർ പാക്കിന് പാക്കിസ്ഥാനുമായി എന്തു ബന്ധമാണുള്ളത്?

_______________________________________________


ലോകപ്രശസ്തമായ ഒരു ഭക്ഷണമാണ് മൈസൂർ പാക്ക്.ഇന്ത്യാ-പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ വ്യാപാരികൾ 'മൈസൂർ പാക്ക്' എന്ന പേരിലെ പാക്ക് എന്ന വാക്ക് നീക്കം ചെയ്ത് ശ്രീ എന്ന് ചേർത്തതോടെ ഈ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്.യഥാർത്ഥത്തിൽ മൈസൂർ പാക്ക് എന്ന പേരിന് പാകിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല.

മൈസൂർ ഭരിച്ചിരുന്ന കൃഷ്ണരാജ വാഡിയാർ നാലാമന്റെ (1902-1940) ഭരണകാലത്തോളം പഴക്കം ഈ ഭക്ഷണത്തിന്റെ ചരിത്രത്തിനുണ്ട് .കൃഷ്ണരാജ വാഡിയാർ വലിയ ഭക്ഷണപ്രീയനായിരുന്നു.അതിനാൽ അദ്ദേഹം തന്റെ അംബാ വിലാസ് പാലസിൽ  നല്ലൊരു ദേഹണ്ണപ്പുരയുണ്ടാക്കി. അതിൽ പാചകക്കാരനായി കാകാസുര മാദപ്പ(മാടപ്പ) എന്നൊരാളെ പ്രധാന പാചകക്കാരനായി നിയമിച്ചു. പാചകകലയിൽ വളരെ വിദഗ്ധനായിരുന്നു മാടപ്പ.പുതിയ റെസിപ്പികൾ പരീക്ഷിക്കുകയും അതിൽ മികച്ചവ രാജാവിന് നൽകി പ്രശംസ ഏറ്റുവാങ്ങുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.ഒരിക്കൽ കൊട്ടാരം ദേഹണ്ണപ്പുരയിൽ കാകാസുര മാടപ്പ കടലപ്പൊടി, പഞ്ചസാര, നെയ്യ് എന്നിവ കുറുക്കി ഒരു വിഭവമുണ്ടാക്കി. വൈകുന്നേര ഭക്ഷണത്തിനൊപ്പം കൃഷ്ണരാജ വാഡിയാർ നാലാമന് അത് വിളമ്പി. ആ വിഭവത്തിന്റെ രുചി ഏറെ രസിച്ച രാജാവ് ദേഹണ്ണപ്പുരയിൽ നിന്ന് മാടപ്പയെ അകത്തേക്ക് വിളിച്ചു. "എന്താണീ വിഭവത്തിന്റെ പേര്?" മാടപ്പയ്ക്ക് അപ്പോൾ തോന്നിയ പേര് രാജാവിനോട് പറഞ്ഞു : മൈസൂർ പാക്ക് !.പലഹാരം വളരെയധികം ഇഷ്‌ടപ്പെട്ട രാജാവ് കൊട്ടാരത്തിന് സമീപം ഒരു പലഹാരക്കട തുടങ്ങാൻ ആവശ്യപ്പെട്ടു. കകാസുര മാടപ്പയുടെ പിൻമുറക്കാർ ഇപ്പോഴും മൈസൂർ പാക്ക് നിർമാണം തുടരുന്നു. ഗുരു സ്ട്രീറ്റ് മാർട്ട് ഇപ്പോഴും മൈസൂരു നഗരത്തിൽ പ്രശസ്തമാണ്.പ്രധാനമായും രണ്ട് മൈസൂർ പാക്കാണ് ഇവർ നിർമിക്കുന്നത്. കടലപ്പൊടിയുടെയും പശുവിൻ നെയ്യിന്റെയും അനുപാതത്തിലുള്ള ചെറിയ വ്യത്യാസമാണ് ഇതിന്റെ മാറ്റം.

മൈസൂർ കൊട്ടാരുവുമായി ബന്ധപ്പെട്ടതാണ് മൈസൂർ പാക്കിന്റെ ചരിത്രം.രാജാസ്ഥാനിലെ വ്യാപാരികൾ കരുതുന്ന പോലെ പാകിസ്ഥാനുമായി ഈ പലഹാരത്തിന് യാതൊരു ബന്ധവുമില്ല.'പാക്ക് 'എന്ന കന്നഡ വാക്കിന്റെ അർത്ഥം മധുരം എന്നാണ്.

തയ്യാറാക്കിയത്: വി.ബി.ഭാഗ്യരാജ് ഇടത്തിട്ട 


Tuesday, May 13, 2025

തോമസ് ഹാർവാർഡ് സായിപ്പ്

 [ കഥ ]


തോമസ് ഹാർവാർഡ് സായിപ്പ്

------------------------------------------------------------------


                                വി.ബി.ഭാഗ്യരാജ് 

തോമസ് ഹാർവാർഡ് എന്ന സായിപ്പിന്റേതായിരുന്നു ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന അഞ്ചേക്കർ സ്ഥലവും വില്ലയുമെന്ന് അച്ഛനും അമ്മയും കുട്ടിക്കാലം മുതൽ പറഞ്ഞു തന്നിട്ടുണ്ട്.ബാല്യകാലം മുതൽ സായിപ്പിന്റെ കഥകൾ കേൾക്കാൻ ഞങ്ങൾക്ക് വലിയ ഇഷ്ടമായിരുന്നു.അച്ഛൻ സമയം കിട്ടുമ്പോഴൊക്കെ എനിക്കും പെങ്ങൾക്കും സായിപ്പിന്റെ കഥകൾ പറഞ്ഞു തരുമായിരുന്നു.അച്ഛന് ഈ കഥകൾ ലഭിച്ചത് അച്ഛന്റെ അച്ഛനിൽ നിന്നുമാണ് . അതായത് ഞങ്ങളുടെ അപ്പൂപ്പനിൽ നിന്നുമാണ് . അപ്പൂപ്പൻ ഭാരത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപാണ് ജനിച്ചത്.അച്ഛനാകട്ടെ ഭാരതം റിപ്പബ്ലിക്കായ ശേഷവും . അതിനാൽ അച്ഛൻ പറഞ്ഞു തരുന്ന കഥകളിൽ ചരിത്രവും , സംസ്കാരവും , രാഷ്ട്രീയവുമൊക്കെ നിറഞ്ഞു നിന്നിരുന്നു . കുട്ടികളായിരുന്ന ഞങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കഥകൾ പറഞ്ഞു തരുന്നതിൽ അച്ഛൻ മിടുക്കനാണ്. കൂടുതലും തോമസ് ഹാർവാർഡ് സായിപ്പിനെക്കുറിച്ചുള്ള കഥകളാണ് അച്ഛൻ കുട്ടിക്കാലത്ത് പറഞ്ഞു തന്നിട്ടുള്ളത്. തോമസ് ഹാർവാർഡ് സായിപ്പിന്റെ കാലഘട്ടം മുതൽ ഇന്നോളം ഈ വില്ല നിൽക്കുന്ന സ്ഥലത്തിന് വല്യ മാറ്റമില്ലെന്നാണ് അച്ഛനിൽ നിന്നും , അപ്പൂപ്പനിൽ നിന്നും ഞങ്ങൾ മനസ്സിലാക്കിയത്.അതിനെ സാധൂകരിക്കുന്നതാണ് സായിപ്പ് ഇവിടെ മറന്നു വെച്ചിട്ടു പോയ വില്ലയുടെയും പറമ്പിന്റെയും പണ്ടത്തെ ഫോട്ടോകൾ.പറമ്പ് നിറയെ കാപ്പിയും, ഏലവും ,കവുങ്ങും , തെങ്ങും നിറഞ്ഞതാണ് അന്നുമിന്നും.

1946 ഡിസംബർ മാസത്തിൽ തോമസ് ഹാർവാർഡ് സായിപ്പും ഭാര്യമേരിയും ഈസ്റ്റ് ഹാമിലേക്ക് തിരികെ പോയി.അന്ന് സായിപ്പിന്റെ ഉറ്റസുഹൃത്ത് ആയിരുന്ന ഗോവിന്ദൻ അപ്പൂപ്പന് കൈമാറിയതാണ് ഈ ഭൂമിയും വില്ലയും.അതും നയാ പൈസ വാങ്ങാതെ.അപ്പൂപ്പൻ ഇവിടേക്ക് സ്ഥിരമായി എത്തി തുടങ്ങിയത് സായിപ്പിന്റെ മകൾ സൂസനെ ഗവേഷണത്തിൽ സഹായിക്കാനാണ്.സൂസൻ തിരുവിതാംകൂറിലും മലബാറിലും കാണപ്പെടുന്ന ചില ഔഷധ സസ്യങ്ങളെ ക്കുറിച്ചാണ് ഗവേഷണം നടത്തിയിരുന്നത്.അങ്ങനെയാണ് ഇംഗ്ലീഷിൽ സാമാന്യം പരിജ്ഞാനമുള്ള ഗോവിന്ദൻ അപ്പൂപ്പനെ സഹായത്തിന് വിളിച്ചത്. അപ്പൂപ്പന് മിക്ക ഔഷധ സസ്യങ്ങളെക്കുറിച്ചും അറിയാമായിരുന്നു . കുറച്ചു ദിവസങ്ങൾക്കകം തന്നെ അപ്പൂപ്പനെ സായിപ്പിനും കുടുംബാംഗങ്ങൾക്കും ഇഷ്ടമായി.സൂസന് മിക്ക ഔഷധ സസ്യങ്ങളും അപ്പൂപ്പൻ പരിചയപ്പെടുത്തി കൊടുത്തു.സൂസന് വലിയ ബുദ്ധിമുട്ടില്ലാതെ ഗവേഷണം പൂർത്തിയാക്കാൻ സാധിച്ചു.ഗവേഷണം പൂർത്തിയാക്കി 1942 സെപ്റ്റംബറിൽ തിസീസ് സമർപ്പണത്തിനായി ലണ്ടനിലേക്ക് പോകാനായി യാത്ര പറയാനായി അപ്പൂപ്പന്റെ അരികിലെത്തിയ സൂസൻ വിതുമ്പി കരഞ്ഞു.അപ്പൂപ്പനെ ആശ്ലേഷിച്ച് കവിളിൽ ഉമ്മയും നൽകി സൂസൻ ലണ്ടനിലേക്ക് പോയി.തോമസ് ഹാർവാർഡിനെപ്പോലെ ഗോവിന്ദൻ അപ്പൂപ്പനെയും ആ മദാമ്മ പെൺകുട്ടി ഇഷ്ടപ്പെട്ടിരുന്നു.സൂസനൊപ്പം അച്ഛൻ തോമസ് ഹാർവാർഡും അമ്മ മേരിയും ലണ്ടനിലേക്ക് പോയില്ല.അവർക്ക് ഈ നാടും , പ്രകൃതിയും , സംസ്കാരവും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു . ഞായറാഴ്ചകളിൽ സാൻഡൽ ജംഗ്ഷനിലെ കത്തോലിക്കാ പള്ളിയിൽ പോകുന്ന സായിപ്പും ഭാര്യ മേരി മദാമ്മയും ഇടക്കിടെ ഇടത്തിട്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും പോകുമായിരുന്നു . ഒഴിവുസമയങ്ങളിൽ ഈ നാടും നഗരവും ചുറ്റിക്കറങ്ങി കാണാൻ അപ്പൂപ്പനെ വിളിക്കുമായിരുന്നു.അപ്പൂപ്പന് അതിൽ അധിയായ സന്തോഷമായിരുന്നു .ഇരുവർക്കും യാത്രകൾ ഹരമായിമാറി.കൂടുതലും തിരുവിതാംകൂറിലെ മനോഹരമായ പ്രദേശങ്ങളാണ് ഇരുവരും യാത്രക്കായി തിരഞ്ഞെടുത്തത്.അങ്ങനെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമായി . സായിപ്പിന്റെ വില്ലയിൽ എല്ലാ സ്വാതന്ത്ര്യങ്ങളും അപ്പൂപ്പന് ലഭിച്ചു.ആവശ്യ സന്ദർഭങ്ങളിൽ അപ്പൂപ്പനെ സഹായിക്കാനും തോമസ് ഹാർവാർഡിന് സന്തോഷമേ ഉണ്ടായിരുന്നൊള്ളൂ.അങ്ങനെ ഇരിക്കുമ്പോഴാണ് ആ സന്തോഷ വാർത്ത പുറത്തു വന്നത്.സൂസൻ ഡോ.സൂസൻ ആയി മാറാൻ പോകുന്നു.സൂസന്റെ ഗവേഷണ പ്രബന്ധം സർവകലാശാല അംഗീകരിച്ചു.പി.എച്ച്.ഡി ബിരുദദാന ചടങ്ങിന് അപ്പൂപ്പനെ കൂട്ടികൊണ്ട് ചെല്ലണമെന്ന് തോമസ് ഹാർവാർഡിന് അയച്ച കത്തിൽ പ്രത്യേകം സൂസൻ ആവശ്യപ്പെട്ടിരുന്നു . തോമസ് ഹാർവാഡ് സായിപ്പും അമ്മ മേരി മദാമ്മയും അപ്പൂപ്പനെ ലണ്ടൻ സന്ദർശനത്തിന് ആവതും നിർബന്ധിച്ചു.പക്ഷേ, ദീർഘയാത്ര ബുദ്ധിമുട്ടായതിനാൽ അപ്പൂപ്പൻ പോയില്ല.തോമസ് ഹാർവാർഡും , മേരി മദാമ്മയും ലണ്ടനിലേക്ക് പോയി.സായിപ്പിന്റെ വില്ലയും പറമ്പും നോക്കാനുള്ള ചുമതല അപ്പൂപ്പനെ ഏൽപ്പിച്ചു.ലണ്ടനിൽ ചെന്ന് മകളുടെ കോൺവോക്കേഷൻ ചടങ്ങിൽ പങ്കെടുത്ത ശേഷം തോമസ് ഹാർവാർഡ് സായിപ്പും കുടുംബാംഗങ്ങളും ഏറ്റവും അടുത്തബന്ധുക്കളും ഈസ്റ്റ് ഹാമിലേക്ക് തിരിച്ചു.അവിടെ നിന്നും ഗോവിന്ദൻ അപ്പൂപ്പന് ക്ഷേമവിവരങ്ങൾ അന്വേഷിച്ചു കൊണ്ടുള്ള കത്തയച്ചു. അതിൽ വില്ലയും പറമ്പും സ്വന്തമെന്ന പോലെ നോക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. സായിപ്പ് പറഞ്ഞതു പോലെ വില്ലയും പറമ്പും കൃഷിയും സ്വന്തമെന്ന പോലെ നോക്കി. ഇതിനിടയിൽ തോമസ് ഹാർവാർഡ് മകളുടെ നിർബന്ധ പ്രകാരം ഈസ്റ്റ് ഹാമിലെ കുടുംബ വീട്ടിൽ നിന്നും ഒരു മൈൽ അകലെയുള്ള ഒരു ഗ്രാമത്തിൽ ഒരേക്കർ പറമ്പ് വാങ്ങി.അവിടെ ഔഷധ തോട്ടം നിർമ്മാണം നടത്താനായിരുന്നു ഡോ.സൂസന്റെ ആഗ്രഹം.പക്ഷേ ,കേരളത്തിലെ ഔഷധ സസ്യങ്ങൾ ഈസ്റ്റ് ഹാമിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു പോകുമോ എന്ന സംശയം തോമസ് ഹാർവാർഡിനും ഭാര്യ മേരിക്കും ഉണ്ടായിരുന്നു. ഉദ്യാനപരിപാലകനായ സ്റ്റുവർട്ടും ഇക്കാര്യം തോമസ് ഹാർവാർഡിനോട് പറഞ്ഞിരുന്നു.ഇതിനു മുമ്പ് കേരളത്തിൽ നിന്നും ഒരുപാട് ഇഷ്ടത്തോടെ കൊണ്ടു നട്ട ചില ഔഷധച്ചെടികൾ നശിച്ചു പോയ അനുഭവം തോമസ് ഹാർവാർഡ് സായിപ്പിനുണ്ട് .സ്റ്റുവർട്ടാകട്ടെ ആവുന്നത്ര ചെടികളെ പരിപാലിച്ചു . പക്ഷേ ,അതിലൊന്നു പോലും നന്നായി വളർന്നില്ല.ഇതൊന്നും തന്നെ ഡോ.സൂസനെ ആഗ്രഹത്തിൽ നിന്നും പിൻതിരിപ്പിച്ചില്ല.ഒടുവിൽ ഡോ.സൂസൻ കുറെ ജോലിക്കാരെയും കൂട്ടി ഔഷധ ഉദ്യാന നിർമ്മാണത്തിനായി പുതിയ സ്ഥലത്തേക്ക് പോയി.ഉദ്യാന പരിപാലകൻ സ്റ്റുവർട്ടിനെ ഒപ്പം കൂട്ടിയതുമില്ല.രണ്ടാഴ്ചക്കുള്ളിൽ പണികൾ ഏറെക്കുറെ പൂർത്തിയായി.ഇതിനിടയിൽ ഏതു കാലാവസ്ഥയിലും വളരുന്ന കുറെ ഔഷധസസ്യങ്ങളുടെ ലിസ്റ്റ് സൂസൻ തയ്യാറാക്കിയിരുന്നു.

              ഈസ്റ്റ് ഹാമിലാണെങ്കിലും തോമസ് ഹാർവാർഡിന്റെയും മേരിയുടെയും മനസ് കേരളത്തിലായിരുന്നു.ഭാരതത്തിലേക്ക് തിരികെ പോരാനായി അവരുടെ മനസ് വെമ്പൽ കൊണ്ടു.ഇക്കാര്യം ഇരുവരും സൂസനോട് പറഞ്ഞു.സൂസനും കേരളത്തിലേക്ക് വരാൻ അതിയായ താൽപര്യം ഉണ്ടായിരുന്നു.പക്ഷേ ,കിങ്സ്റ്റണിലെ കോളേജിൽ അദ്ധ്യാപികയായി ചേരേണ്ട സമയം അടുത്തു വരുന്നുണ്ടായിരുന്നു.ഇന്ത്യയിലേക്കുള്ള ദീർഘമായ കപ്പൽ യാത്ര സമയ നഷ്ടമുണ്ടാക്കുമോ എന്നൊരാശങ്ക സൂസനെ അലട്ടി. കൃത്യനിഷ്ഠയുടെ കാര്യത്തിൽ സൂസൻ കണിശക്കാരിയാണ്.കേരളത്തിൽ നിന്നും കുറെ ഔഷധസസ്യങ്ങളും ,വിത്തുകളും ശേഖരിക്കുക എന്നൊരാഗ്രഹം ഒരു വശത്തും കിങ്സ്റ്റനിലെ കോളേജിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കേണ്ട തീയതി അടുത്തുവരുന്നതിന്റെ ആശങ്ക മറുവശത്തും.ഗവേഷണ ബിരുദമുള്ള തനിക്ക് നിഷ്പ്രയാസം മിക്ക കോളേജിലും ജോലി ലഭിക്കുമെന്നറിയാമെങ്കിലും തേമ്സ് നദീതീരത്തിനടുത്തുള്ള കിങ്സ്റ്റനിലെ കോളേജ് അന്തരീക്ഷണത്തോട് ഒരാകർഷണം സൂസന് തോന്നിയിരുന്നു.തന്റെ ഭാരതത്തിലേക്കുള്ള യാത്ര സംബന്ധിച്ച് കിങ്സ്റ്റണിലെ കോളേജ് അധികൃതർക്ക് ഒരു അപേക്ഷ നൽകാൻ സൂസൻ തീരുമാനിച്ചു.ജോയിനിംഗ് തീയതി നീട്ടി കിട്ടാനുള്ള തന്റെ ആവശ്യം കോളേജ് അധികൃതർ അംഗീകരിക്കുമെന്ന് സൂസൻ കരുതി.സൂസന്റെ വിചാരം അസ്ഥാനത്തായില്ല.അക്കാദമിക്കായിട്ട് പ്രാധാന്യം ഉള്ളതുകൊണ്ട് ഭാരതത്തിലേക്കുള്ള യാത്രയുടെ കാര്യത്തിൽ കോളേജ് അധികൃതരും സൂസനെ പിന്തുണച്ചു.അവരിൽ പലർക്കും ഭാരതത്തെക്കുറിച്ച് കേട്ടറിവെ ഉള്ളൂ.കോളേജ് ജീവനക്കാരിൽ ചിലരുടെ ഭർത്താക്കന്മാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ഉള്ളതിനാൽ ഇന്ത്യയിൽ സന്ദർശിച്ചിട്ടുണ്ടെന്ന് സൂസനോട് വ്യക്തമാക്കി.

 ഭാരതത്തിലേക്കുള്ള യാത്രയിൽ ഞാനുമുണ്ടെന്ന് അച്ഛനോടും അമ്മയോടും സൂസൻ പറഞ്ഞു.അവർക്കതിൽ സന്തോഷമേ ഉള്ളൂ.കേരളത്തിലേക്കുള്ള യാത്രയിൽ ഉദ്യാനപരിപാലകനായ സ്റ്റുവർട്ടിനെയും കൂട്ടാമെന്ന സൂസന്റെ അഭിപ്രായത്തോട് തോമസ് ഹാർവാർഡും മേരിയും യോജിച്ചു.കേരളത്തിൽ നിന്നും തിരിച്ചെത്തുന്നതു വരെ വളർത്തുനായ മേക്കുവിനും പൂച്ചക്കുട്ടി മിക്കുവിനും ഭക്ഷണം കൊടുക്കാനും ഉദ്യാനപരിപാലനത്തിനുമായി അല്പം പൗണ്ട് അധികമായി ചെലവഴിച്ചാലും വേണ്ടില്ല ഒരു ജോലിക്കാരനെ വെയ്ക്കാൻ തോമസ് ഹാർവാർഡ് സായിപ്പ് തീരുമാനിച്ചു.അന്വേഷണത്തിനൊടുവിൽ അനുയോജ്യനായ ഒരു ജോലിക്കാരനെ ലഭിച്ചു.ജയിംസ് എന്നാണ് അയാളുടെ പേര്.ഏകദേശം നാൽപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന കറുത്തചുരുണ്ട മുടികളോടുകൂടിയ ഇരുണ്ട നിറക്കാരനായ ആഫ്രിക്ക കാരനായിരുന്നു അയാൾ.മുറ്റത്തെ ആപ്പിൽ മരങ്ങൾക്കും പടർന്നു പന്തലിച്ചു നിൽക്കുന്ന ബ്ലൂബെറി മരങ്ങൾക്കുമിടയിലായുള്ള ഔട്ട് ഹൗസ് ജയിംസിനും ഭാര്യ മെർലിക്കുമായി തുറന്നു കൊടുത്തു . ഇത്രയും നല്ലൊരു താമസ സൗകര്യം ആദ്യമായിട്ടാണ് തങ്ങളുടെ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്നതെന്ന് ജെയിംസിന്റെയും മെർലിയുടെയും മുഖഭാവത്തിൽ ഉണ്ടായിരുന്നു .ഇതിനിടയിൽ തോമസ് ഹാർവാഡിന്റെ കുടുംബവീട്ടിൽ ഒരു അഥിതി എത്തിയിരുന്നു .മേരിയുടെ അകന്ന ബന്ധുവും വ്യവസായിയുമായ വില്യം.കുറെ നാളെത്തേക്ക് വില്ല്യം തോമസ് ഹാർവാർഡിന്റെ വീട്ടിൽ ഉണ്ടാകും.ഈസ്റ്റ് ഹാമിലെ ബിസിനസ് സാധ്യതകൾ മനസ്സിലാക്കിയ വില്യം അവിടെ ചില സ്ഥാപനങ്ങൾ ആരംഭിക്കാനാണ് എത്തിയത് .ആഫ്രിക്കൻ വംശജരായ തന്റെ ജോലിക്കാരെ മറ്റാരും അക്രമിക്കാതെ നോക്കണമെന്ന് തോമസ് ഹാർവാർഡ് സായിപ്പും മേരിയും വില്ല്യമിനെ ചട്ടം കെട്ടിയിരുന്നു.നല്ലൊരു തുക ചെലവഴിച്ച് ജയിംസിനെയും മെർലിയെയും തന്റെ ഓമന മൃഗങ്ങളെ നോക്കാൻ നിർത്തിയതിലൂടെ തോമസ് ഹാർവാർഡ് സായിപ്പിന്റെ മനസ് തുറന്നു കാട്ടുന്നത് ആയിരുന്നു. 1835 - ൽ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ നിയമം പാസാക്കിയ രാജ്യമാണ് ബ്രിട്ടൺ.നിയമത്തോടുള്ള വിധേയത്തിനപ്പുറം തന്റെ വളർത്തു ജീവികളോടുള്ള സ്നേഹവും കരുതലും തോമസ് ഹാർവാർഡ് സായിപ്പ് വെച്ചുപുലർത്തിയിരുന്നു.


കേരളത്തിലെ ആയുർവേദ ചെടികളെക്കുറിച്ച് റിസർച്ച് നടത്തുകയ

( തുടരും)

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...